ഭൂലോകത്ത് മിക്കവാറും ഭക്ഷണങ്ങൾ ഉണ്ടാക്കിയിട്ടുള്ളത് അല്ലെങ്കിൽ ഉണ്ടായിട്ടുള്ളത് രണ്ടു കാരണങ്ങളാലായിരിക്കും, ഒന്ന് – ഉദ്ദേശിച്ച ആഹാരം ഉണ്ടാക്കി വന്നപ്പോൾ വേറെന്തൊപോലെ ആയത് കൊണ്ടോ അല്ലെങ്കിൽ രണ്ടാമത്തത് – എന്തെങ്കിലും വെറൈറ്റി ഉണ്ടാക്കാം എന്ന് കരുതി ഉണ്ടാക്കിയത്. ഞാൻ ഇനി പറയാൻ പോകുന്നത് ഈ രണ്ടാമത്തെ ക്യാറ്റഗറിയിൽ ഉണ്ടായൊരു ആഹാരത്തെ പറ്റിയാണ്. ഈ സംഭവം കണ്ടു പിടിച്ചതാരായാലും കണ്ടാൽ കൈ കൊടുക്കണം ! അങ്ങനെ ഇരുന്നപ്പോൾ “ഹോട്ടൽ സ്വസ്തിക്”-ന്റെ സോമറ്റോ പ്രൊഫൈൽ കയറി നോക്കി. പുതിയതായി സോമറ്റോയിൽ വന്ന പ്രൊഫൈൽ ആണ് ഏതായാലും. അപ്പൊ പിന്നെ എന്താണ് ഐറ്റംസ് എന്നറിയാനൊരു ആകാംഷ ഉള്ളത് കൊണ്ട് അതങ്ങു തുറന്നു. നോക്കിയപ്പോളല്ലേ – പല പല ദോശേടെ വെറൈറ്റി ലിസ്റ്റ്. ആ ലിസ്റ്റിൽ പിസ്സ ദോശയിൽ തുടങ്ങി പനീർ ദോശവരെ ഉണ്ട്. പക്ഷെ എന്റെ കണ്ണുടക്കിയത് നൂഡിൽസ് ദോശയിലാണ്. കാര്യം കൂട്ടത്തിൽ ഏറ്റവും വില കുറഞ്ഞതും അതിനായിരുന്നു. 100 രൂപ. അങ്ങനെ നോക്കിയാൽ ഡെലിവറി ചാർജ് കൂടെ ചേർത്ത് 147 രൂപയാണെന്ന് സോമറ്റോ കാണിച്ചു. പിന്നെ ഒന്നും നോക്കിയില്ല. ഒന്നാതെ ഒടുക്കത്തെ മഴ. അവര് ഡെലിവറി ചാർജ് കൂട്ടിയില്ലേലെ അതിശയമുള്ളൂ. പക്ഷെ ഇതൊക്കെ പണിയെടുക്കുന്ന ഡ്രൈവർമാർക്ക് കിട്ടുന്നുണ്ടോ ആവോ !!! പ്രേത്യേകിച്ച് ഇൻസ്ട്രക്ഷനൊന്നും ഞാൻ കൊടുക്കാൻ നിന്നില്ല. ആദ്യമായിട്ട് കഴിക്കാൻ പോവയല്ലേ ? എന്തേലുമാവട്ടെ എന്നു ഞാനങ്ങു കരുതി.

കൃത്യ 25 ആം മിനുട്ടിൽ സംഗതിയെത്തി. അലുമിനിയും ഫോയിലിൽ പൊതിഞ്ഞ ദീർഘ വൃത്താകൃതിയിലുള്ള (വാക്കറിയില്ലെങ്കിൽ ഗൂഗിൾ നിങ്ങളെ സഹായിക്കും) ഒരു പാക്ക്. അത്രതന്നെ. നല്ല ചൂടുണ്ട്. കുറച്ചു നേരത്തെ ഞാൻ ചൂട് ചായ ഉണ്ടാക്കിയത് എത്ര നന്നായി എന്നെനിക്ക് തോന്നിപ്പോയി. ആക്രാന്തം മൂത്ത് കൊണ്ടാണോ, വിശപ്പുള്ളതു കൊണ്ടാണോ, അതോ കൗതുകം ലേശം കൂടിയത് കൊണ്ടാണോ അറിയില്ല, നൂഡിൽസ് ദോശ പൊതി തുറന്നാൽ വയ്യെന്നായി.

അങ്ങനെ ഒടുവിൽ പ്ലേറ്റ് ഒക്കെ എടുത്തു സെറ്റ് ചെയ്തു പൊതി തുറന്നു ഞാൻ നോക്കി അലുമിയും ഫോയിൽ പൊതിക്കുള്ളിൽ മറ്റൊരു പ്ലാസ്റ്റിക് പാക്ക് ഉണ്ടായിരുന്നു. അതിലാണ് സംഗതി പാർസലാക്കിയതെന്നു മനസിലായി. അങ്ങനെ ദോശ തുറന്നപ്പോൾ ആവിയും മണവും പറന്നു. ഒരു പ്രേത്യേക തരാം സെറ്റപ്പാണാകെ മൊത്തത്തിൽ. ചെറുതായൊന്നു പിച്ചിയപ്പോഴേക്കും അകത്തുള്ള ഫില്ലിംഗോട് കൂടി എല്ലാം പുറത്ത് ചാടിയിരുന്നു.







ഒരു വലിയ ദോശയാണത്തെത്തായാലും, നാല് ലയർ ആയിട്ടാണ് അത് ഉള്ളത്. ഈ നാല് ലയറിലാണ് നൂഡിൽസ് സ്റ്റഫ് ചെയ്തിട്ടുള്ളത്. നൂഡിൽസിന് പുറമെ – ബീറ്ററൂട്, കാപ്സികം, കാരറ്റ്, വെളുത്തുള്ളി, ടൊമാറ്റോ സോസ്, സോയ സോസ്, ചില്ലി സോസ് എന്നിവ ഉണ്ട്. ഒപ്പം ഇത്തരം ദോശയ്ക്ക് വേണ്ടിയുള്ള ഒരുതരം ചട്ട്നിയുണ്ട് അതിന്റെ ടേസ്റ്റും എനിക്കറിയാൻ സാധിച്ചിരുന്നു അങ്ങനെ പരീക്ഷണാർത്ഥം വാങ്ങിയത് ഞാൻ അങ്ങ് അകത്താക്കാൻ തീരുമാനിച്ചു. ഇത് വല്ലാത്തൊരു ടേസ്റ്റ് തന്നപ്പാ. ആരുടെ തലായാലും കൊള്ളാം. നൂറിൽ നൂറു കൊടുക്കാം. ഏതായാലും വാങ്ങി കഴിച്ചതിൽ ഖേദമില്ല. വയറും നിറഞ്ഞു പൈസ പോയിന്നുള്ള തോന്നലുമില്ല. ആർക്കായാലും തീർച്ചയായും പരീക്ഷിച്ചു നോക്കാന്നുള്ളൊരു ഐറ്റം തന്നെയാണ് “നൂഡിൽസ് ദോശ”.