കുറച്ചായി ബിരിയാണി കഴിച്ചിട്ട്; ഉണ്ടാക്കണോ, ഓർഡർ ചെയ്യാനോ??? സ്വാഭാവികമായും ഓർഡർ ചെയ്യും, അതിൽ എന്താണിപ്പോ സംശയം??? ഇന്നിപ്പോ നാട്ടിലെ പോലെയുള്ള ചിക്കൻ ബിരിയാണി ഓർഡർ ചെയ്യാമെന്നാണ് വിചാരിച്ചത്. ഒന്നും നോക്കിയില്ല, സ്വിഗ്ഗി എടുത്തു, സീബ്ര സ്പോട്ടിലോട്ട് എന്റെ കൈവിരലുകൾ താനേ പോയി. കുറ്റം പറയാൻ പറ്റില്ല, വിശപ്പത്രക്കുണ്ടേ!!! നോക്കിയപ്പോൾ ദേണ്ടെ “പാലക്കാടൻ ചിക്കൻ ബിരിയാണി”. “ങേ??? തലശ്ശേരി ദം ബിരിയാണി, ഹൈദരാബാദി ബിരിയാണി – ഒക്കെ ഫേമസ് ആയതു കൊണ്ട് കേട്ടിട്ടുണ്ട്, ഇതിപ്പോ ആദ്യായിട്ട ഈ ഒരു വെറൈറ്റി, പരീക്ഷിച്ചു നോക്കിയാലോ???” എന്റെ വിശപ്പിനോടെന്നും എന്റെ ഹൃദയം നിൽക്കുമായിരുന്നു, അത് കൊണ്ട് തന്നെ എന്റെ ഹൃദയം തീരുമാനിക്കും എന്റെ വാ അത് കഴിക്കും!!! ചുരുക്കിപ്പറഞ്ഞാൽ അത് ഓർഡർ ചെയ്തു. സ്വിഗ്ഗിയിൽ 160 രൂപ വരുന്ന “പാലക്കാടൻ ചിക്കൻ ബിരിയാണി”-ക്ക് നോക്കിയപ്പോൾ ഓഫർ ഉണ്ട്. അതും 20%, പക്ഷെ ഡെലിവറി ചാര്ജല്ലാം കൂടെ കൂട്ടി 150 നു സാധനം കിട്ടി. ഹാവു 10 രൂപ ലാഭം, അതും ഭാരതത്തിന്റെ സമ്പത്ഘടന തകരുമ്പോൾ ഒരു ആശ്വാസം തന്നെയാണ് കേട്ടോ!!! എപ്പോഴും പറയാറുള്ളത് പോലെ ഇപ്പോഴും കുക്കിംഗ് ഇൻസ്ട്രുക്ഷനിൽ “ആഡ് മോർ റൈത്ത” എന്ന് ടൈപ്പ് ചെയ്തു.


അങ്ങനെ 23-ആം മിനിറ്റിൽ ഓർഡർ ഡെലിവർ ചെയ്തു. ബിരിയാണി കയ്യിൽ കിട്ടിയ ഉടനെ ഒന്നും നോക്കിയില്ല നേരെ പ്ലേറ്റിലേക്ക് മാറ്റി. അപ്പോഴാണ് പാലക്കാടൻ ചിക്കൻ ബിരിയാണിയിൽ എന്തൊക്കെയാണ് ഉള്ളതെന്ന് മനസിലായത്. നല്ലരീതിയിൽ പുഴുങ്ങിയെടുത്ത മുട്ട, പൊരിച്ച 4 ഇറച്ചി കഷ്ണങ്ങൾ, പൊരിക്കാത്ത ഇറച്ചി കഷ്ണങ്ങൾ പിന്നെ ഗ്രേവിയും. ഗ്രേവി ചോറിൽ ആകെ പൊതിഞ്ഞു കിടപ്പാണ് കേട്ടോ. ശെടാ, ഒരു പപ്പടം കൂടെ ഞാൻ മിസ് ചെയ്തു. അത് കൂടെ ഉണ്ടായിരുന്നേൽ കറക്റ്റ് തിരുവനന്തപുരം ബിരിയാണി ആയി! ഇപ്പഴാണ് സം-സം ഒക്കെ മിസ് ചെയ്യുന്നത്.





ഒന്നും നോക്കിയില്ല; പ്ലാസ്റ്റിക് പാക്കിങ് കവറിൽ പൊതിഞ്ഞിരിക്കുന്ന സലാഡും അങ്ങ് പ്ലേറ്റിലോട്ട് ഇട്ടു. പിന്നെ ഒന്നും നോകീല, കാണാത്ത പോളിംഗിലേക്ക് നീങ്ങി. പക്ഷെ നിരാശയായിരുന്നു ഫലം, ഓഫർ ഉള്ളത് കൊണ്ട് തന്നെ ഫ്രീ ആയിട്ട് കുറച്ച് ഉപ്പു കിട്ടി. സാലഡ്/റൈത്ത വളരെ കുറവായത് കൊണ്ട് മുൻപൊരിക്കൽ കഴിച്ചിരുന്ന ദം ബിരിയാണിയെക്കാളും ഉപ്പുണ്ട്, അത് അധികവുമാണ്!!! എങ്ങനെയാണ് ഇത്രയും ഉപ്പു വന്നതെന്ന് ഞാൻ കുറച്ചധികമാലോചിച്ചു. കാരണം ചിലയിടത് ഉപ്പില്ല, ചിലയിടങ്ങളിൽ അസഹനീയമായ ഉപ്പ്. അവസാനം പൊരിച്ച ഇറച്ചി ആശ്വാസത്തിനായി കൂട്ടിയപ്പോഴാണ് ഉപ്പിന്റെ ഉറവിടം കണ്ടെത്തിയത്. നല്ലൊരു ബിരിയാണിയെ “കുളിപ്പിച് കുളിപ്പിച് കൊച്ചില്ലാണ്ടായി” എന്ന അവസ്ഥയിലെത്തിച്ചു; ഇനി എങ്കിലും ശ്രദ്ധിക്കുക, കാരണം ഇതിപ്പോ അടുപ്പിച്ചു രണ്ടാമത്തെ അനുഭവമാണ്. ആദ്യം ചിക്കൻ ഫ്രൈഡ് റൈസിൽ ആയിരുന്നു, ഇപ്പോൾ ദേ “പാലക്കാടൻ ചിക്കൻ ബിരിയാണിയിലും” !!!