Advertisements
The Imperfect Post

COVID-19: മുഖ്യമന്ത്രിയുടെ പത്രസമ്മേളനം

കോഴിക്കോട് ജില്ലയിൽ ഒരാൾക്കും പാലക്കാട് ജില്ലയിൽ 2 പേർക്കും എറണാകുളം ജില്ലയിൽ 3 പേർക്കും പത്തനംതിട്ട ജില്ലയിൽ 2 പേർക്കും ഇടുക്കി ജില്ലയിൽ ഒരാൾക്കും ആണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും സംഘടനയുടെ നിറം കാണിക്കാനോ മേന്മ കാണിക്കാനോ ഉള്ള സന്ദര്‍ഭമായി കരുതരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ആകെയുള്ള പ്രശ്‌നങ്ങള്‍ ഏതെങ്കിലും ഒരു കേന്ദ്രത്തില്‍ ഇരുന്ന പരിഹരിക്കാന്‍ കഴിയുന്നതല്ല. അതിനാല്‍ അതി വിപുലമായ വികേന്ദ്രീകൃത സംവിധാനം ഉണ്ടാക്കും. വാര്‍ഡ്തല സമിതികള്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സന്നദ്ധ പ്രവര്‍ത്തകരെ വാര്‍ഡ് തലത്തില്‍ വിന്യസിക്കും. കൂടുതല്‍ പേരെ സന്നദ്ധപ്രവര്‍ത്തനത്തിനായി കണ്ടെത്തും. അവരെ നിലവിലുള്ള ആവശ്യത്തിന് അനുസൃതമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുക. ഏതെങ്കിലും സംഘടനയുടെ നിറം കാണിക്കാനോ മേന്മ കാണിക്കാനോ ഉള്ള സന്ദര്‍ഭമായി ഇതിനെ എടുക്കരുത്. പൊതുവായി എല്ലാവരും സഹായിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ പാലക്കാട് സ്വദേശികളാണ്. മൂന്നുപേര്‍ എറണാകുളം സ്വദേശികളും രണ്ടുപേര്‍ പത്തനംതിട്ട സ്വദേശികളും ഇടുക്കി, കോഴിക്കോട് സ്വദേശികളായ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇവരില്‍ നാലുപേര്‍ ദുബായില്‍ നിന്ന് വന്നവരാണ്. ഒരാള്‍ യുകെയില്‍ നിന്നും ഒരാള്‍ ഫ്രാന്‍സില്‍ നിന്നും എത്തിയതാണ്. മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരത്തും തൃശൂരും ചികിത്സയിലായിരുന്ന രണ്ട് പേരെ രോഗം ഭേദമായതിനെ തുടര്‍ന്ന് ഇന്ന് ഡിസ്ചാര്‍ജ് ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

76542 പേരാണ് സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത്. 76010 പേര്‍ വീടുകളിലും 532 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 4902 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 3465 എണ്ണം രോഗബാധിയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 118 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതില്‍ 91 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്ന് വന്ന ഇന്ത്യക്കാരാണ്. എട്ട്‌പേര്‍ വിദേശികളാണ്. ബാക്കി 19 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം കിട്ടിയത്. 12 പേര്‍ക്ക് രോഗം ഭേദമായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് 19 പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആളുകള്‍ വീട്ടില്‍ തന്നെ കഴിയണം. അസാധാരണമായി ഇടപെടലുകള്‍ ഇതിന് വേണ്ടിവരും. റോഡുകള്‍ പൊതുസ്ഥലങ്ങള്‍ എന്നിവയെല്ലാം ആളില്ലാത്ത ഇടമായി മാറണം. നാടാകെ നിശ്ചലമാകണം. നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കും. പൊലീസ് ഇക്കാര്യം കൂടുതല്‍ ശ്രദ്ധിക്കും. വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലമോ, പാസോ കൈയില്‍ വച്ചിരിക്കണം. ഒഴിച്ചുകൂടാനാവാത്ത ആവശ്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ. നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന്റെ ഉത്തരവാദിത്വം ജില്ലാ പൊലീസ് മേധാവിക്കായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisements

Leave a Reply

%d bloggers like this: