പ്രത്യേക രക്തഗ്രൂപ്പുകാരെ കൊറോണ വേഗം പിടികൂടുമോ? എ വിഭാഗത്തില്‍ പെടുന്ന രക്തമുള്ളവരെ കൊറോണ വേഗത്തില്‍ ബാധിക്കുന്നുവെന്നും ഒ വിഭാഗത്തില്‍ പെട്ടവര്‍ കൊറോണയെ പ്രതിരോധിക്കുന്നുവെന്നുമാണ് പ്രചാരണം…

ചില പ്രത്യേക വിഭാഗത്തില്‍ പെടുന്ന രക്തഗ്രൂപ്പിലുള്ളവരെ കൊറോണ വൈറസ് ബാധിക്കുന്നുവെന്നും മറ്റു ചില വിഭാഗക്കാരെ വെറുതേ വിടുന്നുവെന്ന നിലയിലുമുള്ള റിപ്പോര്‍ട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ കറങ്ങി നടപ്പുണ്ട്. എ വിഭാഗത്തില്‍ പെടുന്ന രക്തമുള്ളവരെ കൊറോണ വേഗത്തില്‍ ബാധിക്കുന്നുവെന്നും ഒ വിഭാഗത്തില്‍ പെട്ടവര്‍ കൊറോണയെ പ്രതിരോധിക്കുന്നുവെന്നും ചൈനയില്‍ നിന്നുള്ള ഒരു പഠനത്തെ അടിസ്ഥാനമാക്കിയാണ് പ്രചരിക്കുന്നത്. ഇതില്‍ എത്രത്തോളം വസ്തുതയുണ്ട്?
ഇതുവരെ വിശലകനം നടത്തി ഉറപ്പിക്കാത്ത ഒരു ചൈനീസ് പഠനമാണ് ഈ പ്രചരണത്തിന്റെ ഉറവിടം. medrxiv.orgല്‍ (https://www.medrxiv.org/content/10.1101/2020.03.11.20031096v1) പ്രസിദ്ധീകരിച്ചിട്ടുള്ള ഈ പഠനത്തിന്റെ ലിങ്കില്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ചൈനയിലെ വുഹാനിലേയും ഷെന്ചെനിലേയും മൂന്ന് ആശുപത്രികളില്‍ കോവിഡ് 19 ബാധിച്ച 2173 രോഗികളില്‍ നിന്നും ശേഖരിച്ച വിവരങ്ങളാണ് പഠനത്തിന് ആധാരം.
ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ രക്ത ഗ്രൂപ്പുകള്‍ തിരിച്ചറിയുകയാണ് ആദ്യം പഠനം നടത്തിയവര്‍ ചെയ്തത്. പിന്നീട് കോവിഡ് 19 സ്ഥിരീകരിച്ച രോഗികളുടെ രക്തഗ്രൂപ്പുകളും ശേഖരിച്ചു. ഇതില്‍ നിന്നും ‘എ വിഭാഗത്തില്‍ പെടുന്ന രക്തമുള്ളവര്‍ക്ക് മറ്റു വിഭാഗത്തില്‍ പെടുന്ന രക്തഗ്രൂപ്പുകളില്‍ ഉള്ളവരെ അപേക്ഷിച്ച് കോവിഡ് 19 ബാധിക്കാനുള്ള സാധ്യത കൂടുതലാണ്’ എന്നാണ് കണ്ടെത്തലായി ചൈനീസ് ഗവേഷകര്‍ പഠനത്തില്‍ കുറിച്ചിരിക്കുന്നത്.
ഒ വിഭാഗത്തിലുള്ളവര്‍ക്ക് മറ്റു രക്തഗ്രൂപ്പുകളിലുള്ളവരെ അപേക്ഷിച്ച് കോവിഡ് 19 വരാനുള്ള സാധ്യത കുറവാണെന്നും ഇവര്‍ ലഭ്യമായ വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി വ്യക്തമാക്കുന്നു. അതേസമയം തങ്ങളുടെ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണെങ്കിലും അവയെ അവസാന വാക്കായി കരുതരുതെന്നും ഗവേഷകര്‍ തന്നെ പഠനത്തില്‍ വ്യക്തമായി പറയുന്നുമുണ്ട്.