കോവിഡ് 19 ലോകത്തെ മുഴുവന്‍ ജനങ്ങളെയും ആശങ്കയിലാഴ്ത്തിയ മഹാമാരിയായി മാറിയിരിക്കുന്നു. നിരവധി രാജ്യങ്ങള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാഷ്ട്രങ്ങള്‍ അവരുടെ അതിര്‍ത്തി അടച്ചിടുന്നു. വിമാന സര്‍വീസുകള്‍ ഭൂരിഭാഗവും നിര്‍ത്തിവെച്ചിരിക്കുന്നു. ലോകം ഇന്നേ വരെ കണ്ടിട്ടില്ലാത്ത സ്ഥിതി വിശേഷം. ഈ വൈറസിനെ പിടിച്ചു കെട്ടാന്‍ കഴിയുമോ എന്നതാണ് എല്ലാവരുടെയും ചോദ്യം. കൊറോണ വൈറസ് അദ്യം സ്ഥിരീകരിച്ച ചൈനയില്‍നിന്ന് അതിന് ചില ഉത്തരങ്ങളുണ്ട്.

ചൈന തിരിച്ചുവരുന്നു
ലോകത്തിന്റെ മറ്റെല്ലാ രാജ്യങ്ങളും കോവിഡ് ഭീതിയിലമരുമ്പോള്‍ ചൈന അതിജീവനത്തിലേക്ക് കടക്കുകയാണ്. ഒറ്റയക്ക നമ്പറുകള്‍ മാത്രമാണ് പുതിയ കോവിഡ് കേസുകള്‍ ചൈനയില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുമ്പ് ഓരോ ദിവസവും ആയിരവും രണ്ടായിരവുമായിരുന്നു ഇത്. ഹുബൈ പ്രവിശ്യക്ക് പുറത്ത് കോവിഡ് ബാധിക്കുന്നത് തീരെയില്ലെന്ന സ്ഥിതി വന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഒറ്റ മരണവും റിപ്പോര്‍ട്ട് ചെയ്തില്ല.
കൊറോണ വന്ന വഴി
കഴിഞ്ഞ വര്‍ഷം ഡിസംബർ എട്ടിനാണ് ചൈനയിലെ ഹുബെ പ്രവിശ്യയിലെ വുഹാനില്‍ ന്യുമോണിയ ലക്ഷണങ്ങളോടെ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ശ്വാസ തടസ്സവുമായി നിരവധി പേര് ആശുപത്രികളിലെത്തി. ന്യൂമോണിയക്കുള്ള ചികിത്സ നല്കി വിട്ടയക്കുകയായിരുന്നു എല്ലാവരെയും. പിന്നെയും അസുഖങ്ങള്‍ പടര്ന്നുകൊണ്ടേയിരുന്നപ്പോഴാണ് കാര്യം മനസ്സിലായത്. ആദ്യ രോഗികളെല്ലാം വുഹാനിലെ സീഫുഡ് മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നവരാണ്. അവരോട് ബന്ധപ്പെട്ടവര്‍ക്കെല്ലാം അസുഖം ബാധിച്ചു.
വുഹാന്‍ അധികൃതര്‍ സീഫുഡ് മാര്‍ക്കറ്റ് പൂട്ടി സീല്‍ വെച്ചു. എന്തോ പകര്‍ച്ച വ്യാധിയാണിതെന്ന ഉറപ്പിലെത്തി ഡോക്ടര്‍മാര്‍. മുമ്പ് ചൈനയില്‍ വ്യാപിച്ചിരുന്ന സാര്‍സ് വീണ്ടുമെത്തിയോ എന്നായിരുന്നു സംശയം. ദിവസങ്ങള്‍ പിന്നെയും കടന്നുപോയി. രോഗികള്‍ പലരുമായും സമ്പര്‍ക്കം പുലര്‍ത്തി. ജനുവരി ഏഴിനാണ് ഡബ്ല്യു.എച്ച്.ഒ ചൈനയില്‍ നോവല്‍ കൊറോണ എന്ന പുതിയ വൈറസ് പടരുന്നു എന്ന് പ്രഖ്യാപിച്ചത്. അപ്പോഴേക്കും ചൈനയിലെ പതിനായിരങ്ങളിലേക്ക് വൈറസ് പടര്‍ന്നിരുന്നു.
ജനുവരി പതിനൊന്നിന് ആദ്യ കൊറോണ മരണം, വുഹാനിലെ സീഫുഡ് മാര്‍ക്കറ്റ് സന്ദര്‍ശിച്ചിരുന്ന 61 കാരനാണ് മരിച്ചത്. കൊറോണ വൈറസ് വുഹാനില്‍ നിന്നും വിട്ട് അപ്പോഴേക്കും പലരാജ്യങ്ങളിലുമെത്തിയിരുന്നു.
ഉരുക്കുമുഷ്ടിയില്‍ തീര്‍ത്ത തടവറ
സ്ഥിതി ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞ ഉടനെ ചൈന യുദ്ധസമാനമായ പ്രതിരോധത്തിലേക്കാണ് കടന്നത്. വുഹാന്‍ നഗരം സമ്പൂര്‍ണമായും അടച്ചുപൂട്ടുകയാണ് ആദ്യം ചെയ്തത്. വുഹാന്‍ ഒരു ഐസലോഷന് വാര്‍ഡ് പോലെ ആക്കി. നഗരത്തിലേക്ക് ആര്‍ക്കും പ്രവേശനമില്ല. പൊതുഗതാഗത സംവിധാനങ്ങള്‍ ഒന്നുമില്ല. നഗരത്തിലെ റെയിൽവേ സ്റ്റേഷനുകള്‍ അടച്ചിട്ടു. വുഹാനിലെ തെരുവുകളും ഷോപ്പിങ് സെന്ററുകളുമെല്ലാം വിജനമായി. ‘ലോകാവസാനമാണെന്നു തോന്നിപ്പിക്കുംവിധമാണ് ഇപ്പോൾ കാര്യങ്ങൾ’ ചൈനീസ് സമൂഹമാധ്യമമായ വെയ്ബോയിൽ ഒരു വുഹാൻ സ്വദേശി കുറിച്ചിട്ട ഈ വാക്കുകൾ വൈറലായതോടെ ലോകത്തിന് അതിന്റെ ഭീകരത മനസ്സിലായി. ജനത്തിന് ആവശ്യത്തിനു ഭക്ഷ്യവസ്തുക്കളും മരുന്നും ഉൾപ്പടെ ലഭിച്ചില്ല. പക്ഷേ അതുപോലും സര്‍ക്കാര്‍ ഗൌനിച്ചില്ല.
ചൈനയിലെ ഒരു നദീതീരനഗരമാണ് വുഹാന്‍. ലോകത്തിന്റെ മറ്റെല്ലാ ഭാഗത്തേക്കും വളരെയധികം ബന്ധമുള്ള ഒരു ഗതാഗത കേന്ദ്രം. ഏകദേശം ഒരു കോടിയോളം ജനങ്ങളാണ് വുഹാനിലുള്ളത്. ചൈനയിലെ ഏറ്റവും വലിയ ഏഴാമത്തെ നഗരമാണിത്, ചൈനയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവും. പത്തിലധികം ഹൈവേകളും റെയിൽ ട്രാക്കുകളും കടന്നു പോകുന്ന ഗതാഗത കേന്ദ്രം. ചൈനയുടെ പ്രധാനപ്പെട്ട വ്യാവസായിക നഗരം.
ചൈനയിലെ ഹൈടെക്ക് ഉത്പാദന വ്യവസായങ്ങളുടെയും പരമ്പരാഗത കുടുംബവ്യവസായങ്ങളുടെയും ഒക്കെ അടിസ്ഥാനകേന്ദ്രമാണ് വുഹാന്‍. നിരവധി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ള വുഹാനിൽ ഏകദേശം ഏഴുലക്ഷത്തോളം വിദ്യാർഥികളാണ് പഠിച്ചിരുന്നത്. ഇതൊക്കെയായിട്ടും വുഹാന്‍ അടക്കാന്‍ സര്‍ക്കാരിന് ഒരു മടിയുമുണ്ടായില്ല. വുഹാനിലെ ആര്‍ക്കും നഗരംവിട്ടു പുറത്തുപോകാന്‍ അനുമതിയില്ലായിരുന്നു. അഥവാ പോകണമെങ്കിൽ വ്യക്തമായ കാരണം അധികൃതരെ ബോധിപ്പിക്കണം. ആർക്കും നഗരത്തിലേക്ക് കടക്കാനും അനുമതി ഉണ്ടായിരുന്നില്ല. ചൈനയുടെ നാലു വശങ്ങളിലേക്കും ഒപ്പം ലോകത്തിന്റെ ഏതുഭാഗത്തേക്കും ഗതാഗത സൗകര്യമുണ്ടെന്നതാണ് വുഹാൻ നഗരത്തിന്റെ പ്രത്യേകത. ഇതെല്ലാം ചൈനീസ് സര്‍ക്കാര്‍ അടച്ചു.

ഒരാഴ്ചക്കു ശേഷം
ഹുബെ പ്രവിശ്യയിലെ 10 നഗരങ്ങളിലും സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. ഈ നഗരങ്ങളിലെ ആശുപത്രികൾ, സൂപ്പർ മാർക്കറ്റുകൾ, പെട്രോൾ പമ്പുകള്‍, മരുന്നുകടകൾ എന്നിവയൊഴികെ ബാക്കിയെല്ലാം അടച്ചിട്ടു. മൊത്തം ആറു കോടി ജനങ്ങളെ തടവിലാക്കി എന്നു പറയാം. ഭരണകൂടത്തിന്റെ കയ്യൂക്ക് കൊണ്ട് നേടിയ ഈ തടവാണ് ഹുബെ പ്രവിശ്യ വിട്ട് ചൈനയുടെ മറ്റിടങ്ങളിലേക്ക് വൈറസിന്റെ വ്യാപനത്തിന് വേഗത കുറച്ചത്. ഈ വിലക്കുണ്ടായിരുന്നില്ലെങ്കില് ചൈനയൊന്നാകെ വുഹാന്‍ നഗരത്തെപ്പോലെ കോടിക്കണക്കിന് ജനങ്ങളിലേക്ക് വൈറസ് എത്തുമായിരുന്നു.
ഡാറ്റ കൊണ്ടുള്ള യുദ്ധം
നഗരങ്ങളടക്കുക എന്ന നടപടി മാത്രമല്ല ചൈനയെടുത്തത്. സാങ്കേതിക വിദ്യയുടെ പ്രയോഗമായിരുന്നു അതിനേക്കാള്‍ മികച്ച ആയുധം. അതിലേറ്റവും പ്രധാനമായിരുന്നു കോവിഡ് 19 എന്ന ആപ്. ആളുകളോടെല്ലാം മൊബൈല്‍ ഫോണില്‍ ഈ ആപ് ഡൌണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടു. കൊറോണ വൈറസ് ബാധിതരുടെ ഡാറ്റകള്‍ ആപ്പിലുണ്ടായിരുന്നു, കൊറോണ ബാധിച്ചവരുടെ പേരുകള്‍ മാത്രമല്ല. അവരുടെ സഞ്ചാരവഴികള്‍, അവര്‍ കയറിയ വാഹനങ്ങള്‍, അവര്‍ കയറിയ ഷോപിങ് സെന്ററുകള്‍ എല്ലാം. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന് ഡാറ്റയും ഉപയോഗിച്ചാണ് ലക്ഷക്കണക്കിന് ഡാറ്റകള്‍ ചൈന ശേഖരിച്ചത്. സോഷ്യല്‍ മീഡിയയും മൊബൈല്‍ വിവരങ്ങളും എല്ലാം സര്‍ക്കാര്‍ ഇതിനായി ചോര്‍ത്തി. ഈ ഡാറ്റ ഉപയോഗിച്ച് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തി എല്ലാവരുടെയും വിവരങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു.
ഇതിന്റെ ഉപയോഗം എങ്ങനെയെന്ന് നോക്കാം
വുഹാനിലെ ഒരു ഷോപ്പിംഗ് മാളിലെ ജീവനക്കാരന് കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചു. സ്ഥിരീകരിച്ച ഉടനെ ആ മാള്‍ സന്ദര്‍ശിച്ച ആയിരക്കണക്കിന് ആളുകളുടെ മൊബൈല്‍ വിവരങ്ങള്‍ അതേ സമയം തന്നെ സര്‍ക്കാരിന്റെ സെര്‍വറിലെത്തുന്നു. ഈ ആയിരം പേരെയും സര്‍ക്കാര്‍ ഉടനെ തന്നെ ഐസൊലേഷനിലേക്ക് മാറ്റുന്നു. ഇത്രയും കണിശവും വേഗതയും കൂടിയതായിരുന്നു ചൈനയിലെ നടപടികള്‍.
അതോടൊപ്പം ഇ-കോമേഴ്സ് ഭീമനായ ആലിബാബ നിര്‍മിച്ച അലിപേ എന്ന ആപ്പ് വഴി ചൈനയില്‍ കൂടുതല്‍ കൊറോണ ബാധിച്ച ഇടങ്ങളിലെ 20 കോടി ചൈനക്കാര്‍ക്ക് കളര്‍ കോഡുകള്‍ നല്കി. ചുവപ്പ്, മഞ്ഞ, പച്ച നിറത്തിലുള്ള കോഡുകള്‍. മൊബൈല്‍ ഡാറ്റ ഉപയോഗിച്ചായിരുന്നു ഇതിന്റെ സാങ്കേതിക വിദ്യ. കോവിഡ് രോഗികളാണ് ചുവപ്പ് കോഡുള്ളവര്. സമ്പര്‍ക്കം പുലര്‍ത്തിയവര്‍ മഞ്ഞക്കാര്. ഇത് രണ്ടിലും പെടാത്തവരാണ് പച്ചകോഡുള്ളവര്. ഇതില്‍ ചുവപ്പോ മഞ്ഞയോ കോഡുള്ളവര് ബസ്സിലോ ട്രെയിനിലോ കയറിയാല്‍ ഉടനെ അലാം മുഴങ്ങും. മറ്റുള്ളവരെ വൈറസ് ബാധിക്കാതെ രക്ഷപ്പെടുത്താന്‍ ഇത് കൊണ്ടാവും.
ഇത്രയും വലിയ സാങ്കേതിക തികവിലായിരുന്നു ചൈന. പൌരന്മാരുടെ സ്വകാര്യ വിവരങ്ങളും സോഷ്യല്‍ മീഡിയ അക്കൌണ്ടിലെ വിവരങ്ങളുമൊക്കെ ചോര്‍ത്തുന്നത് ധാര്‍മികമാണോ എന്ന ചോദ്യമുണ്ട്. സ്വാതന്ത്ര്യത്തിനും സ്വകാര്യത എന്ന അവകാശത്തിനും ചൈനയില്‍ ഇക്കാലയളവില്‍ ഒരു പ്രാധാന്യവുമുണ്ടായില്ല എന്നത് സത്യം. പക്ഷേ ആ ഡാറ്റ ഉപയോഗിച്ച് കൃത്യമായ പ്രതിരോധം തീര്‍ക്കാന്‍ ചൈനക്കായി. ചികിത്സക്കായും ഡാറ്റകള്‍ വലിയ തോതില്‍ ഉപയോഗിച്ചു.
സുരക്ഷാ വസ്ത്രങ്ങൾ, മാസ്ക്കുകൾ, ഗോഗിളുകൾ, സർജിക്കൽ ഗൗണുകൾ, ഷൂ കവറുകൾ എന്നിവ ഉൾപ്പെടെ ആശുപത്രികളിലേക്ക് വേണ്ട 30 മെഡിക്കൽ ഉൽപ്പന്നങ്ങളുടെ ലിസ്റ്റും ബിഗ് ഡേറ്റാ നെറ്റ്വർക്ക് വഴി അപ്ഡേറ്റ് ചെയ്തു. ആവശ്യം വരുന്ന ഇടങ്ങള്‍ ഈ ഡാറ്റാ നെറ്റ് വര്‍ക്ക് വഴി ലഭിച്ചു.
ഡാറ്റകള്ക്കപ്പുറം സാങ്കേതിക വിദ്യയെ അസാധാരണമാം വിധം ചൈന ഉപയോഗിച്ചു. ആശുപത്രികളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണമെത്തിക്കുന്ന ഉപകരണം സോഷ്യല്‍മീഡിയയിലൂടെ എല്ലാവരും കണ്ടതാകും. ഭക്ഷണശാല മുതല്‍ ആശുപത്രിവാതിലും കടന്ന് ഓരോ രോഗിയുടെയും ബെഡിനരികിലേക്ക് കൃത്യമായി ഭക്ഷണവും മരുന്നുമൊക്കെ എത്തിക്കുന്ന സാങ്കേതിക വിദ്യ.
കൊറോണ വൈറസ് ബാധ പരിശോധിക്കുന്ന റൊബോട്ടുകളുമുണ്ടായിരുന്നു വൈറസ് പടരാതിരിക്കാന്‍. പ്രത്യേക അകലത്തില്‍ നിന്ന് മൂടിവെക്കാന്‍ യന്ത്രങ്ങള്‍ പോലും ഉണ്ടാക്കി ചൈനക്കാര്‍.

വിശ്രമമില്ലാത്ത കഠിനാധ്വാനം
കൊറോണയെ പ്രതിരോധിക്കുന്ന യുദ്ധത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തിയ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമായിരുന്നു. ചൈനയുടെ പ്രവര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ പ്രവര്‍ത്തനമായിരുന്നു വുഹാനില്‍ ഒരാഴ്ച കൊണ്ട് നിര്‍മിച്ച പുതിയ വലിയ ആശുപത്രി. ഷിയിന്‍ തടാകത്തിന്റെ തീരത്ത് തൊഴിലാളികള്‍ക്കുവേണ്ടി നിര്‍മിച്ച ഹോളിഡേ കോംപ്ലക്സിന് സമീപമാണ് ആശുപത്രി നിര്‍മിച്ചത്. 100 തൊഴിലാളികളാണ് ആശുപത്രി നിര്‍മാണം നടത്തിയത്. 35 മണ്ണുമാന്തി യന്ത്രങ്ങളും പത്ത് ബുള്‍ഡോസറുകളും ഉപയോഗിച്ച് നിലമൊരുക്കി. രാവും പകലുമില്ലാതെ കഠിനാധ്വാനം ചെയ്ത് കൃത്യസമയത്ത് ആശുപത്രിയുടെ നിര്‍മാണം പൂര്‍ത്തിയായി . ഒരാഴ്ചക്കുശേഷം ആശുപത്രി പൂര്‍ണ സജ്ജമായി. 25000 ചതുരശ്ര മീറ്ററിലായി വ്യാപിച്ചുകിടക്കുന്ന ആശുപത്രിയില്‍ 1000 കിടക്കകള്‍ ഉണ്ടായിരുന്നു.
ചൈനയില്‍ മരണത്തിന്റെ കാഴ്ചകള്‍ മാത്രമല്ല അതിനു ശേഷം പുറത്തുവന്നത്. നിരവധി പേര് വൈറസില്‍ നിന്ന് മുക്തി പ്രാപിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരുന്ന കാഴ്ചകളും ലോകം കണ്ടു. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തവരെ ഉപഹാരം നല്കി സന്തോഷത്തോടെ വീട്ടിലേക്കയക്കുന്ന കാഴ്ചകള്‍. 65,569 പേരാണ് കഴിഞ്ഞ മാര്‍ച്ച് 14 വരെ ചൈനയില്‍ കൊറോണയില്‍ നിന്ന് മുക്തി നേടിയത്.
മറ്റൊരു ഡോക്ടറുടെ കഥ
ഇറ്റലിയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയുമടക്കം വൈറസിനു മുന്നില്‍ പകച്ചു നില്‍ക്കുമ്പോഴാണ് ചൈന അതിജീവനത്തിന്റെ പാഠങ്ങള്‍ നല്‍കുന്നത്. നിരവധി രാജ്യങ്ങള്‍ കൊറോണയെ പ്രതിരോധിക്കാനായി ചൈനയുടെ സഹായം തേടുകയാണിപ്പോള്‍. ചൈന സമ്പൂര്‍ണമായും ശരിയാണ് എന്ന് പറയാനാവില്ല.
നോവല്‍ കൊറോണ വൈറസിനെ തിരിച്ചറിയുന്നതിന് ചൈന വൈകി എന്നത് ഏറ്റവും വലിയ പോരായ്മയാണ്. അതിനേക്കാള്‍ വലിയ പ്രശ്നമാണ് നോവല്‍ കൊറോണ വൈറസിന്റെ ആദ്യ വെളിപ്പെടുത്തല്‍ നടത്തിയ ഡോക്ടര്‍ ലീ വെന്ലിയെ ചൈനീസ് സര്‍ക്കാര്‍ അവഗണിച്ചു എന്ന ആരോപണം.
നേത്രരോഗവിദ്ഗധനായ ഡോ ലീ വെന്‍ലി ഡിസംബറില്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിവരമാണ് പുതിയ കൊറോണ വൈറസിന്റെ ആദ്യ സൂചന നല്‍കിയത്. എന്നാല്‍ ലീക്കെതിരെ നടപടിയെടുക്കുകയായിരുന്നു ചൈനീസ് സര്‍ക്കാര്‍. ഊഹാപോഹം പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ചായിരുന്നു നടപടി. ഫെബ്രുവരി ആദ്യവാരത്തില്‍ വൈറസ് ബാധിച്ച് ലീ വെന്‍ലി മരിച്ചു. ഭരണകൂടം ഡോ. ലീയെ പീഡിപ്പിച്ചതിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായി. അതോടെ ചൈനക്ക് ഈ വിഷയത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കേണ്ടി വന്നു.
ഏതായാലും ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന കോവിഡ് 19 ഒരു ആരോഗ്യ പ്രശ്നം മാത്രമല്ല. വലിയ രാഷ്ട്രീയ പ്രശ്നം കൂടിയാണ്. ജനാധിപത്യം, സ്വാതന്ത്യം, അവകാശം തുടങ്ങിയ ഒട്ടേറെ വിഷയങ്ങളില്‍ ഓരോ രാജ്യവുമെടുക്കുന്ന തീരുമാനവും ഈ വൈറസിന്റെ വ്യാപനത്തെ കാര്യമായി തന്നെ ബാധിക്കും.