Healthcare

COVID-19: കൊറോണ വൈറസ് ശരീരത്തിലെത്തിയാല്‍

കൊറോണ വൈറസ് ശരീരത്തിലെത്തിയാല്‍ ആദ്യ ദിവസം മുതല്‍ എന്തൊക്കെ ലക്ഷണങ്ങളാണ് കാണുക? ഏതൊക്കെ ദിവസങ്ങളാണ് പ്രധാനം? എങ്ങനെ രോഗം ഗുരുതരമാകുന്നുവെന്ന് തിരിച്ചറിയാനാകും? തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ചൈനയില്‍ നിന്നുള്ള ഈ കൊറോണ പഠനഫലം.

കൊറോണ വൈറസ് ലോകത്ത് ആദ്യമായി പൊട്ടിപുറപ്പെട്ട ചൈനയിലെ വുഹാനില്‍ നിന്നുതന്നെയാണ് ഈ പഠനവും പുറത്തുവന്നിരിക്കുന്നത്. കൊറോണ വൈറസ് ബാധിച്ചവരില്‍ പനിയും ക്ഷീണവും തുടങ്ങി ശ്വാസമെടുക്കാന്‍ പ്രയാസം വരെയുള്ള ലക്ഷണങ്ങള്‍ ഏതെല്ലാം ദിവസങ്ങളിലാണ് കാണാനാവുകയെന്നാണ് പഠനം വ്യക്തമാക്കുന്നത്. 2019 ഡിസംബര്‍ 29 മുതല്‍ 2020 ജനുവരി 31 വരെ വുഹാനിലെ Jinyintan Hospital, Wuhan Pulmonary Hospital എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ച രോഗികളില്‍ നിന്നും ശേഖരിച്ച വിവരങ്ങളാണ് പഠനത്തിന് ഉപയോഗിച്ചിരിക്കുന്നത്.

ആദ്യ ദിവസം

ഭൂരിഭാഗം പേരിലും 100 ഫാരന്‍ഹീറ്റിലും കൂടുതല്‍ ചൂടില്‍ പനി കാണപ്പെടാറുണ്ട്. ഒപ്പം വരണ്ട ചുമയും വലിയ വിഭാഗത്തിലും ആദ്യദിനം കണ്ടിട്ടുണ്ട്. ഇതിനൊപ്പം പേശീവേദനയും ക്ഷീണവും സാധാരണ ലക്ഷണങ്ങളാണെന്ന് Patientaccess.com ക്ലിനിക്കല്‍ ഡയറക്ടര്‍ കൂട്ടിച്ചേര്‍ക്കുന്നു. രോഗികളില്‍ ആദ്യ ദിവസത്തില്‍ തൊണ്ടവേദനയും മൂക്കൊലിപ്പും അപൂര്‍വ്വമായിരുന്നു.

വുഹാനിലെ 138 രോഗികളില്‍ നടത്തിയ പഠനത്തില്‍ പത്തുശതമാനംപേര്‍ക്ക് കൊറോണ ശരീരത്തിലെത്തി ആദ്യ ദിവസങ്ങളില്‍ ഛര്‍ദിയും വയറിളക്കവും കണ്ടിരുന്നു. ഇതിന് ശേഷമായിരുന്നു പലരിലും പനിവന്നത്.

നേരത്തെ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എല്ലാ കോവിഡ് 19 രോഗികളിലും കണ്ടുകൊള്ളണമെന്നില്ല. ഈ ലക്ഷണങ്ങളുണ്ടെങ്കില്‍ പോലും ആര്‍ക്കെങ്കിലും കൊറോണ ബാധിച്ചെന്ന് ഉറപ്പിക്കാനുമാകില്ല. സാധാരണ ജലദോഷപനിയോ മറ്റോ വന്നാലും ഇതേ ലക്ഷണങ്ങള്‍ രോഗികള്‍ കാണിക്കാറുണ്ട്.

കോവിഡ് 19 രോഗം സ്ഥിരീകരിച്ച ചില രോഗികളില്‍ ഈ ലക്ഷണങ്ങളില്‍ പലതും കാണിച്ചിരുന്നില്ല. ചിലരിലാകട്ടെ ഒരു ലക്ഷണങ്ങളും തുടക്കത്തില്‍ കണ്ടിരുന്നില്ലെന്നും വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

അഞ്ചാം ദിവസം

വുഹാന്‍ സര്‍വകലാശാലയിലെ Zhongnan ആശുപത്രിയിലെ 138 രോഗികളില്‍ നടത്തിയ പഠത്തില്‍ അഞ്ച് ദിവസങ്ങളെടുത്താണ് പ്രകടമായ ശ്വാസകോശ തടസങ്ങള്‍ കണ്ടതെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗത്തിനും ആദ്യ ദിവസങ്ങളില്‍ പറഞ്ഞിരുന്ന ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്തിരുന്നു.

പ്രായമേറിയവിരിലും നേരത്തെ ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ട് ഉള്ളവരിലും ശ്വാസമെടുക്കാന്‍ ഏറെ ബുദ്ധിമുട്ട് ഈ ദിവസങ്ങളില്‍ അനുഭവിക്കേണ്ടി വരും. നെഞ്ചില്‍ ഭാരം, നീട്ടി ശ്വാസം വലിക്കാന്‍ സാധിക്കാതെ വരിക, വേഗത്തില്‍ ശ്വാസമെടുക്കേണ്ടി വരിക, നെഞ്ചിടിപ്പ് കൂടുക തുടങ്ങിയ ലക്ഷണങ്ങള്‍ അഞ്ചാം ദിവസത്തോടെ പ്രകടമാകുന്നു.

ഏഴാം ദിവസം

ഭൂരിഭാഗം പേരിലും ആദ്യഘട്ടത്തില്‍ കണ്ട ലക്ഷണങ്ങള്‍ ഏഴാം ദിവസത്തോടെ കുറയുന്നു. 85ശതമാനം പേരിലും ഏഴാം ദിനത്തോടെ രോഗലക്ഷണങ്ങള്‍ കുറഞ്ഞുവെന്നാണ് പഠനം കാണിക്കുന്നത്.

എന്നാല്‍ നിങ്ങളുടെ വീട്ടിലെ ആര്‍ക്കെങ്കിലും കൊറോണ വൈറസ് ലക്ഷണങ്ങള്‍ കാണിച്ചാല്‍ കുറഞ്ഞത് 14 ദിവസം വീടുകളില്‍ തന്നെ കഴിയണമെന്നാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം. ആദ്യമായി രോഗലക്ഷണങ്ങള്‍ കാണിക്കുന്ന ദിവസം മുതലാണ് 14 ദിവസം കണക്കാക്കേണ്ടത്.

ഏഴാം ദിവസത്തിലും ശ്വാസം വലിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവരെ ആശുപത്രിയിലേക്ക് മാറ്റണം. മുഖത്തോ ചുണ്ടുകളിലോ നീല നിറമുണ്ടെങ്കിലോ നെഞ്ചില്‍ വേദനയോ സമ്മര്‍ദമോ അനുഭവപ്പെടുന്നുണ്ടെങ്കിലോ ഉടന്‍ ആശുപത്രിയിലെത്തിക്കണം.

എട്ടാം ദിവസം

ഗുരുതരാവസ്ഥയിലേക്ക് മാറാന്‍ സാധ്യതയുള്ള രോഗികളില്‍ എട്ടാം ദിവസം മുതല്‍ ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് വര്‍ധിക്കുന്നു. ശരീരത്തിലെ അവയവങ്ങള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ നല്‍കാനുള്ള ശേഷി ശ്വാസകോശങ്ങള്‍ക്ക് നഷ്ടമാവുന്നു. 15 ശതമാനം രോഗികള്‍ ഈ നിലയിലെത്താറുണ്ടെന്നാണ് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ നല്‍കുന്ന മുന്നറിയിപ്പ്.

പത്താം ദിവസം

ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് വര്‍ധിക്കുന്നതോടെ രോഗികളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റേണ്ടി വരുന്നു. വുഹാന്‍ ആശുപത്രികളിലെത്തിയ കോവിഡ് 19 രോഗികളില്‍ ശരാശരി പത്തു ദിവസമാണ് ഈ അവസ്ഥയിലെത്താന്‍ വേണ്ടി വന്നത്.

12ാം ദിവസം

ഈയൊരു ദിവസമാകുമ്പോഴേക്കും രോഗികളില്‍ പനി പതിയെ അപ്രത്യക്ഷമാകും. എന്നാല്‍ ചുമ അപ്പോഴും തുടരും. കോവിഡ് 19 ബാധിക്കുന്നവര്‍ ദീര്‍ഘകാലം ചുമ സഹിക്കേണ്ടി വരുമെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. പഠനം നടത്തിയ 191 രോഗികളില്‍ 45 ശതമാനത്തിനും പന്ത്രണ്ട് ദിവസത്തിനുശേഷവും ചുമ തുടരുകയായിരുന്നു.

13ാം ദിവസം

ഇത് നിര്‍ണ്ണായക ദിവസമാണ്. ശ്വാസതടസം വന്നശേഷം ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ സാധ്യതയുള്ളവരില്‍ പതിമൂന്നാം ദിവസം മുതല്‍ ശ്വാസതടസം കുറയും. അല്ലാത്തവരില്‍ മരണം വരെ ഈ ശ്വാസതടസം കൂടി വരികയാണ് ചെയ്യുന്നത്.

18ാം ദിവസം

കോവിഡ് 19 ബാധിച്ചുള്ള മരണത്തിലെത്താന്‍ രോഗികള്‍ ശരാശരി 18.5 ദിവസമാണ് എടുത്തത്. രോഗം കുറഞ്ഞവര്‍ അപ്പോഴും ചികിത്സയില്‍ തുടരുന്നുണ്ടാകും. ചൈനയില്‍ ശരാശരി 22 ദിവസങ്ങളെടുത്താണ് രോഗം ബാധിച്ചവര്‍ ആശുപത്രി വിട്ട് വീടുകളിലേക്ക് മടങ്ങിയത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നവരുടെ മാത്രം കണക്കാണിത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: